X

‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍

മലയാളത്തിലെ വിഖ്യാത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മധുര മലയാളം ഉള്ളിടത്തോളം എം.ടിയുടെ ഓര്‍മകളും നിലനില്‍ക്കുമെന്ന് സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വേര്‍പെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകള്‍ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട എം.ടി,

കഥയും കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളെയും ബാക്കിയാക്കി മടങ്ങുകയാണോ. വേര്‍പെട്ട് പോകുന്നെങ്കിലും താങ്കളുടെ സ്മരണകള്‍ മായാതെ മറയാതെ ഇവിടെയുണ്ടാകും. അങ്ങ് കുറിച്ചിട്ട വരികളത്രയും ഇന്നും ജീവന്‍ തുടിക്കുന്നുണ്ട്. അതില്‍ മനുഷ്യാനുഭവങ്ങള്‍ മുഴുവനുണ്ട്. എല്ലാത്തരം മനുഷ്യരുടെയും ജീവിതവുമുണ്ട്. അതുകൊണ്ട് തന്നെ മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓര്‍മകളും നിലനില്‍ക്കും.

എം.ടി, നിങ്ങളെ വായിച്ചത് പോലെ തന്നെ സാമീപ്യവും ആസ്വദിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. ‘ചന്ദ്രിക’ നവതി ആഘോഷത്തിന്റെ ഭാഗമായാണ് അവസാനം കണ്ടത്. ദീര്‍ഘനേരം സംസാരിച്ചു. ഉള്ളിലന്നും എഴുതാതെ വെച്ചത് ബാക്കിയുണ്ടെന്ന് തോന്നിയിരുന്നു. ബാക്കിയുണ്ടായിരുന്ന കഥകളുടെ കെട്ടഴിക്കാതെയുള്ള മടക്കം വേദനാജനകം തന്നെയാണ്. ദൈവം നിശ്ചയിച്ച അനിവാര്യമായ യാത്രയാണല്ലോ. ശാന്തിയോടെ മടങ്ങുക. ആദരാഞ്ജലികള്‍.

webdesk13: