പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്. നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസില്‍ അച്ചു ഉമ്മന്‍ ഇന്നലെ പരാതി നല്‍കിയതിരുന്നു. ഇതിനു പിന്നാലെയാണു ക്ഷമാപണം.
രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണു തന്റെ പിതാവെന്നും അധികാര ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സൈബര്‍ ആക്രമണം. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നുമായിരുന്നു അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.