X

കണ്ണീര്‍ക്കടലായി കുസാറ്റ് ; വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ; ഒരുനോക്കു കാണാന്‍ വിതുമ്പലോടെ സഹപാഠികള്‍

കുസാറ്റില്‍ ഗാന നിശക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് കാമ്പസ്. സാറ, ആന്‍, അതുല്‍ എന്നിവരുടെ ഭൌതികശരീരങ്ങളാണ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം കാമ്പസില്‍ എത്തിച്ചത്. രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളേജിലും മറ്റ് രണ്ട് പേരുടേത് എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് നടന്നത്. അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാള്‍ കളമശേരി മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് ഉള്ളത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോള്‍ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 7 മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് തിക്കും തിരക്കും ഉണ്ടാകുകയും ദുരന്തം സംഭവിക്കുകയും ചെയ്തത്.

പരിപാടിയുടെ സംഘാടനത്തില്‍ പാളിച്ച ഉണ്ടായി എന്ന സൂചനയാണ് കുസാറ്റ് വിസി ഇന്ന് നല്‍കിയത്. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സമയം അനുസരിച്ച് കുട്ടികളെ കയറ്റുന്നതില്‍ പാളിച്ചയുണ്ടായി. ദുരന്തം ഉണ്ടായത് ഒരു ഗേറ്റ് മാത്രമേ ഉള്ളായിരുന്നു എന്നതുകൊണ്ടല്ല. സ്റ്റെപ്പിന്റെ പ്രശ്‌നവും അപകടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

webdesk13: