X

കുസാറ്റ് അപകടം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നാല് പേര്‍ മരിച്ച കുസാറ്റ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് ഹര്‍ജി നല്‍കിയത്.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണം സുതാര്യമല്ല. സര്‍വകലാശാല, സ്‌കൂള്‍ നേതൃത്വങ്ങള്‍ക്ക് ദുരന്തത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കെ.എസ്.യുവിന്റെ ആക്ഷേപം. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചു. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനവും കെ എസ് യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ തുറന്നു കാട്ടുന്നു.

കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തിലെ സര്‍വ്വകലാശാല ക്യാമ്പസിലുണ്ടായ ആദ്യ സ്റ്റാമ്പിഡ് വിഷയമെന്ന ഗൗരവത്തോടെ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുസാറ്റില്‍ ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാളിനെ മാറ്റിയിരുന്നു. ഡോ. ദീപക് കുമാര്‍ സാഹുവിനെ ആണ് മാറ്റിയത്. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ശോഭ സൈറസിന് പകരം ചുമതല നല്‍കി. സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്ന് പി കെ ബേബിയെയും മാറ്റിയിരുന്നു.

ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയ ആളാണ് പി കെ ബേബി എന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന് സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്നായിരുന്നു സര്‍വകലാശാലയുടെ ഔദ്യോഗിക വിശദീകരണം. പരിപാടിയുടെ തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും ഇത്തരമൊരു പരിപാടിയുടെ കാര്യം പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നില്ല. അത്തരമൊരു വിവരം അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് ?പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.

 

webdesk13: