ആദ്യ കളിയിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകർത്തുവിട്ട ന്യൂസിലൻഡിന് ലോകകപ്പിൽ ഇന്ന് രണ്ടാം മത്സരം. ദുർബലരായ നെതർലൻഡ്സാണ് കിവികളുടെ എതിരാളികൾ. പരിക്കേറ്റ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്നും ന്യൂസിലൻഡ് നിരയിലുണ്ടാകില്ല.
ടോം ലതാം തന്നെയാകും ടീമിനെ നയിക്കുക. വില്യംസൺ സുഖംപ്രാപിച്ചു വരുന്നതായും ഫീൽഡിങ്ങിനിറങ്ങുന്നത് അദ്ദേഹത്തിന് കൂടുതൽ ബുദ്ധിമുട്ടാകുമെന്നും മുഖ്യപരിശീലകൻ ഗാരി സ്റ്റഡ് പറഞ്ഞു. അടുത്ത മത്സരം കളിക്കാനാകുമെന്നാണ് പ്രതീക്ഷ. വെറ്ററൻ പേസറായ ടിം സൗത്തിയും ഇന്ന് കളിക്കില്ല. മറ്റൊരു പേസറായ ലോക്കി ഫെർഗൂസൻ ഫിറ്റ്നസ് ടെസ്റ്റ് കടമ്പ കടന്നതിനാൽ ഇന്ന് പന്തെറിയും.
ആദ്യ കളിയിൽ ഒമ്പത് വിക്കറ്റിന് 282 റൺസ് നേടിയ ഇംഗ്ലണ്ടിനെതിരെ അനായാസമായാണ് കിവികൾ ജയിച്ചത്. 36.2ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. സെഞ്ച്വറിയടിച്ച ഡെവൺ കോൺവേയും രചിൻ രവീന്ദ്രയും ഫോം തുടരുമെന്നാണ് പ്രതീക്ഷ.
പാകിസ്താനെതിരെ പൊരുതിയ ശേഷം 81റൺസിന് കീഴടങ്ങിയ നെതർലൻഡ്സ് പവർപ്ലേയിൽ പാകിസ്താന്റെ മൂന്ന് ബാറ്റർമാരെ പുറത്താക്കിയിരുന്നു. ബാറ്റിങ്ങിൽ വിക്രംജിത്തും ബാസ് ഡി ലീഡും അർധ സെഞ്ച്വറിയും നേടി. മധ്യനിരക്ക് സ്ഥിരതയില്ലാത്തതാണ് ഡച്ചുകാരുടെ പ്രധാന ദൗർബല്യം. ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ്സ് കഴിഞ്ഞ നാല് മത്സരങ്ങളിലും 30 റൺസ് പോലും നേടിയിട്ടില്ല. ഏകദിനത്തിൽ ഇരുടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കിവികൾക്കായിരുന്നു