കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി.രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി. പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്.
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ രാജീവ് സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. സി.പി.എം നേതാക്കളായ എ.സി.മൊയ്തീന്‍, പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ക്ക് എതിരെയും പരാമര്‍ശങ്ങളുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പങ്കുള്ളയാള്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവര്‍ക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ വലിയ സമ്മര്‍ദമുണ്ടായി. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെയുള്ളവരില്‍ നിന്നാണ് സമ്മര്‍ദമുണ്ടായത്. ഈ കൂട്ടത്തിലാണ് പി.രാജീവിന്റെ പേരുള്ളത്. പി.രാജീവ്, മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ അടക്കമുള്ളവരുടെ സമ്മര്‍ദത്തിന്റെ ഫലമായി നിയമവിരുദ്ധ വായ്പകള്‍ അനുവദിച്ചുവെന്ന് ഇ.ഡി. പറയുന്നു.
വിവിധ സി.പി.എം ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളാണ് കരുവന്നൂരില്‍ ഉണ്ടാക്കിയത്. പാര്‍ട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, ഏരിയ കോണ്‍ഫറന്‍സ് സുവനീര്‍ അക്കൗണ്ട്, പാര്‍ട്ടി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നീ പേരുകളില്‍ പോലും തട്ടിപ്പു നടത്തി. രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം പണം നിക്ഷേപിച്ചുവെന്നും ഇ.ഡി.യുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.