കായംകുളം സിപിഎമ്മിൽ പുതിയ വിവാദം. ദേശാഭിമാനിക്കായി സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത് വെട്ടിലായി സി.പി.എം പ്രാദേശിക നേതാവ്. കായംകുളം കൃഷ്ണപുരത്തെ മുതിർന്ന സിപിഎം നേതാവ് കുട്ടനാണ് തുറന്നുപറച്ചിലുമായി രംഗത്ത് വന്നത്. ബാങ്കിൽ നിന്ന് നിരന്തരം കുടിശിക നോട്ടീസ് വന്നത് അറിയിച്ചിട്ടും പാർട്ടി നേതൃത്വം കൈമലർത്തുകയാണെന്ന് കുട്ടൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സമാന അനുഭവങ്ങളുമായി കൂടുതൽ പേരെത്തിയതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി.
കൂടുതല്‍ പേരെ ദേശാഭിമാനിയില്‍ വരിക്കാരായി ചേര്‍ക്കണം എന്ന പാര്‍ട്ടി ആഹ്വാനം നടപ്പിലാക്കാന്‍ വേണ്ടിയാണ് സഹകരണസംഘങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചത്.ജാമ്യം നിന്നത് പാർട്ടി പ്രവർത്തകരും കുടുംബങ്ങളുമായിരുന്നു. നിരന്തരം കുടിശ്ശിക നോട്ടീസ് വന്നപ്പോള്‍ നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തിയെന്നും 78 കാരനായ കുട്ടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
കൃഷ്ണപുരത്ത് ഒരു വാർഡിൽ മാത്രം ഒമ്പത് സിപിഎം പ്രവർത്തകർക്ക് പത്ര വരിക്കാരെ ചേർത്തതിൽ ബാധ്യതയുണ്ടായിട്ടുണ്ട്. 78 കാരനായ പാർട്ടി പ്രവർത്തകൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്. ഇതിന് പിന്നാലെ നിരവധി പേർ കടക്കെണിയിലായതിൻ്റെ വിവരം പുറത്തു വിട്ടു. പത്രവരിക്കാരെ ചേർത്തതിൻ്റെ കുടിശിക കാരണം പുതിയ വായ്പകൾ ലഭിക്കുന്നില്ലെന്ന ബുദ്ധിമുട്ടും അനുഭവിക്കുകയാണ് ഇവർ.