കെ.പി ജലീല്‍
ലഹരിക്കടത്ത്, ക്വട്ടേഷന്‍ , അഴിമതി, ലൈംഗികീപീഡനം.. അങ്ങനെയങ്ങനെ… തൊഴിലാളിവര്‍ഗം, ആഗോളമുതലാളിത്തവിരോധം, പരിസ്ഥിതിവാദം,ജാതിവിരോധം.. ഒക്കെ വെടിഞ്ഞാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വെറുമൊരു മാഫിയാ സംഘമായി മാറിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും അങ്ങനെ പറഞ്ഞുകൂടാ. മാഫിയയെന്നാല്‍ ഒളിത്താവളത്തിലും ഭൂമിക്കടി (അണ്ടര്‍ഗ്രൗണ്ട് )യിലും ഒക്കെയായാണ് പ്രവര്‍ത്തിക്കുക. എന്നാലിതാ ഇതൊക്കെ ചെയ്യുന്നത് സി.പി.എം എന്ന ഭരണകക്ഷിയായതിനാല്‍ എല്ലാ പരസ്യമായി തന്നെ. മുമ്പെല്ലാം പാര്‍ട്ടിയിലെ വിഭാഗീയതയും തര്‍ക്കവും ഗ്രൂപ്പിസവുമെല്ലാം ആദര്‍ശത്തിന്റെ പേരിലായിരുന്നു. പൊതുശത്രുവായ മുതലാളിത്തത്തെ നേരിടുന്നതെങ്ങനെ എന്നതായിരുന്നു വിഷയമെങ്കില്‍ ഇന്ന് എങ്ങനെ ലഹരികടത്താം, ലൈംഗിക പീഡനം ഒതുക്കിത്തീര്‍ക്കാം, ക്വട്ടേഷന്‍ ടീമിനെ എങ്ങനെ തീറ്റിപ്പോറ്റാം, അഴിമതി ഒളിപ്പിക്കാം എന്നൊക്കെയാണ ്പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടിചര്‍ച്ചകള്‍. പുന്നപ്രവയലാറിന്റെ ആലപ്പുഴയിലും കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും കണ്ണൂരിലും അതുതന്നെയാണിപ്പോഴത്തെ ചര്‍ച്ച. വിഭാഗീയതയുടെ മുത്തപ്പന്‍ വി.എസ് അച്യുതാനന്ദനാണ ്പാര്‍ട്ടിയുടെ മുഖ്യശത്രു എന്ന നിലയില്‍നിന്ന് പിണറായിയും കൂട്ടരും ഇപ്പോള്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിയിലെ ശത്രുക്കള്‍ ആരെന്നറിയാത്ത അവസ്ഥയിലാണ്.
കണ്ണൊന്ന ്ചിമ്മിയാല്‍ മുഖ്യമന്ത്രിക്കസേര വരെ അടിച്ചുമാറ്റുന്ന വിരുതന്മാരാണ് പാര്‍ട്ടിയിലുള്ളത്. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ജയരാജന്‍മാരുടെ പോരെത്തിനില്‍ക്കുന്നത് ഗുണ്ടകളും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിലാണ്. പി.ജയരാജന്‍ ഇ.പി ജയരാജനെ വെട്ടാന്‍ റീസോര്‍ട്ടും കള്ളപ്പണവും ഇറക്കിയപ്പോള്‍ ഇ.പിയും കൂട്ടരും പി.യെ വെട്ടാനുപയോഗിച്ചിരിക്കുന്നത് കൊലയാളികളെ. കോണ്‍ഗ്രസ് പ്രവര്ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒന്നാമന്‍ ആകാശ് തില്ലങ്കേരിയാണ് പാര്‍ട്ടിയിലെ ചിലര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മന്ത്രി എം.ബി രാജേഷിന്റെ പി.എമാരിലൊരാളുടെ ഭാര്യ ഇട്ട ആകാശ് വിരുദ്ധ പോസ്റ്റാണ് തുടര്‍ച്ചയായി പ്രതികരിക്കാന്‍ തില്ലങ്കേരി ടീമിനെ നിര്‍ബന്ധിതമാക്കിയത്. ശുഹൈബിനെ കൊന്നത് പാര്‍ട്ടി നിര്‍ദേശിച്ചതനുസരിച്ചാണെന്ന് പറയുന്ന ആകാശും കൂട്ടരും കൊല്ലണമെന്ന് തോന്നിയാല്‍ പിന്നെ ഉമ്മ വെക്കുകയാണോ ചെയ്യുക എന്നാണ് പരസ്യമായി ചോദിച്ചിരിക്കുന്നത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലാണിപ്പോള്‍ പി.ജയരാജനും തില്ലങ്കേരി സഖാക്കളും. പി.ജെ.ആര്‍മിയുടെ സമൂഹമാധ്യമക്കൂട്ടായ്മയുടെ അഡ്മിനാണ ആകാശ് തില്ലകങ്കേരി. ശുഹൈബിനെ കൊന്നത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന ്പറയുമ്പോള്‍ മുമ്പ് ടി.പി ചന്ദ്രശേഖരനെ കൊന്നത് കൊടി സുനിയാണെന്നതിന്റെ സൂചനയാണ്. അന്നൊക്കെ അത് നിഷേധിച്ച സി.പി.എം നേതൃത്വത്തിന് ഇനി അതും തുറന്നുപറയാം.
ലഹരിക്കടത്തിന് പാര്‍ട്ടി മന്ത്രിയുടെ അടുത്തയാളുടെ ലോറിയാണ് ആലപ്പുഴയില്‍ പിടിയിലായത്. അവിടെതന്നെ പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ചതിന് സഖാക്കളില്‍ ചിലരും ഉള്ളിലായി. പലരെയും പുറത്താക്കി രക്ഷപ്പെടുകയാണ ്‌സി.പി.എം.എന്നാല്‍ മുഖ്യനും മന്ത്രിമാരും കുടുങ്ങിയത് അഴിമതിയിലും. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഖ്യനെ കുരുക്കിലാക്കി ഇപ്പോള്‍ ഉള്ളിലായിരിക്കുന്നത്. തോന്നിയതുപോലെ പാര്‍ട്ടിക്കാരെയുംബ്ന്ധുക്കളെയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ തസ്തികകളില്‍ കയറ്റിയതാണ് മറ്റൊന്ന്. ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല. എല്ലാം മറപ്പിക്കാന്‍ നികുതികള്‍ അടിച്ചേല്‍പിച്ച് പെന്‍ഷനും ഭക്ഷ്യകിറ്റുംകൊടുത്ത് രക്ഷപ്പെടാന്‍പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ സി.പി.എം എന്ന ജനാധിപത്യവിപ്ലവപാര്‍ട്ടി.. ഇത്തരമൊരു ഗതികേട് ഇന്ത്യയിലെന്നല്ല,ലോകത്തെ ഏതൊരു പാര്‍ട്ടിക്കും വന്നിട്ടുണ്ടാകില്ലെന്ന് തീര്‍ച്ച..! തമ്മില്‍ ഭേദം പഴയ വിഭാഗീയതതന്നെയാണെന്ന് പറയുകയാണ് ശുദ്ധഗതിക്കാരായ സഖാക്കളിപ്പോള്‍. എല്ലാത്തിനും മുന്നില്‍ യാതൊന്നും ചെയ്യാനാകാതെ വീര്‍പ്പുമുട്ടി ഒരു ദേശീയനേതൃത്വവും!