X

ചെരുപ്പ് വില കുറച്ച് കച്ചവടം നടത്തിയതിന്റെ പേരില്‍ ദമ്പദിതകള്‍ക്ക് നേരെ മര്‍ദനം; എസ്‌ഐക്കെതിരെ കേസ്

തിരുവനന്തപുരം പോത്തന്‍കോട് ദമ്പതികള്‍ക്ക് നേരെ എസ്.ഐയുടെ ആക്രമണം. എസ്.ഐയുടെ ബന്ധുവിന്റെ കടയിലേതിനേക്കാള്‍ വിലകുറച്ച് ചെരുപ്പ് വിറ്റതിനാണ് ആക്രമിച്ചതെന്ന് പരാതി. ഇന്റലിജന്‍സ് ആസ്ഥാനത്തെ എസ്.ഐ ഫിറോസ് ഖാനെതിരെ കേസെടുത്തു.

പോത്തന്‍കോട് ജങ്ഷനില്‍ ആറ് മാസത്തിലേറെയായി ചെരുപ്പ് കട നടത്തുകയാണ് മര്‍ദനമേറ്റ ദമ്പതികള്‍. ഇവരുടെ കടയോട് ചേര്‍ന്ന് മറ്റൊരു ചെരുപ്പ് കട നടത്തുന്നത് എസ്.ഐയായ ഫിറോസ് ഖാന്റെ ബന്ധുവാണ്. ദമ്പതികളുടെ കടയില്‍ ഓണത്തോട് അനുബന്ധിച്ച് ഓഫര്‍ പ്രഖ്യാപിക്കുകയും ചെരുപ്പുകള്‍ വിലകുറച്ച് വില്‍ക്കുകയും ചെയ്തു. ഞായറാഴ്ചയായ ഇന്നലെ വൈകിട്ട് ധാരാളം ആളുകള്‍ ഓഫറിലുള്ള ചെരുപ്പുവാങ്ങാനെത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ ഫിറോസ് ഖാനും മകനും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

ദമ്പതികള്‍ക്ക് കൂടാതെ അത് തടയാനെത്തിയ മകനും മര്‍ദനമേറ്റു. പരാതിയില്‍ പോത്തന്‍കോട് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഫിറോസ് ഖാനും മകനുമെതിരെ കേസെടുത്തത്. ഫിറോസ് ഖാന്‍ ഒളിവിലാണ്. ഫിറോസ് ഖാന്റെ ബെനാമിയാണ് കട നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.

webdesk13: