കോപ്പ അമേരിക്കയില്‍ ആദ്യ അങ്കത്തിന് ബ്രസീല്‍ നാളെയിറങ്ങും. കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം. സമീപ കാലത്തെ തിരിച്ചടികള്‍ക്ക് കോപ്പയിലൂടെ വന്‍ തിരിച്ചുവരവാണ് ടീമിന്റെ ലക്ഷ്യം. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഏറ്റ തോല്‍വി ആരാധകര്‍ക്കുണ്ടാക്കിയ വേദന മറികടക്കാനും ഒരു കപ്പ് അനിവാര്യമാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം കഴിഞ്ഞ വര്‍ഷം തോല്‍വികള്‍ ഒരുപാട് കണ്ട ടീമാണ് കാനറികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വായ്, അര്‍ജന്റീന ടീമുകളോട് തോറ്റതും ടീമിന് തിരിച്ചടിയായി. ഇതിന് പിറകിലായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ പരിക്കും.
എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നുള്ള പ്ലാനാണ് പുതിയ പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ ഒരുക്കിയിട്ടുള്ളത്. നെയ്മറിന് പകരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ നായക പദവിയിലേക്കുമുയര്‍ത്തി. ബ്രസീല്‍ ഫുട്‌ബോളിന്റെ പുത്തന്‍ താരോദയമാകുമെന്ന് കരുതുന്ന എന്‍ഡ്രിക്കിനെ അറ്റാക്കിങ്ങിലേക്ക് കൊണ്ട് വന്നു. 17കാരനായ ഈ അറ്റാക്കറെ ഈ അടുത്താണ് റയല്‍മാഡ്രിഡ് പൊന്നും വിലയ്ക്ക് ‘തൂക്കിയത്’.
ലിവര്‍പൂളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന അല്ലിസണ്‍ ഗോള്‍ വല കാക്കാനുള്ളതാണ് സാംമ്പാതാളക്കാരുടെ മറ്റൊരു ആശ്വാസം. മുന്‍ നിര ക്ലബുകളുടെ പ്രതിരോധ നിര താരങ്ങളും ധൈര്യത്തിനുണ്ട്. പിഎസ്ജിയുടെ മാര്‍ക്വിഞ്ഞോസും ആഴ്സണലിന്റെ ഗബ്രിയേല്‍ മഗാല്‍ഹേയ്‌സും റയലിന്റെ ഏദര്‍ മിലിറ്റാവോയുമുണ്ട്. മിഡ്ഫീല്‍ഡില്‍ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ലുകാസ് പക്വറ്റക്ക് പിന്തുണ നല്‍കാന്‍ മികച്ച താരങ്ങള്‍ മധ്യനിരയില്‍ ഇല്ല എന്നത് ബ്രസീലിന് വെല്ലുവിളിയാകും.
മുന്‍നിരയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. റയലിന്റെ വിനീഷ്യസും റോഡ്രിഗോയും എന്‍ഡ്രികും ചേരുന്ന മുന്നേറ്റ നിരയ്ക്ക് ഏതൊരു പ്രതിരോധ നിരയെയും മറികടക്കാനുള്ള കഴിവുണ്ട്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. കോസ്റ്റോറിക്കക്ക് പുറമെ പര്വഗായ്, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.