X

‘വയനാട് ഡിടിപിസി സെക്രട്ടറി പദവിയില്‍ തുടരുന്നത് അനധികൃതമായി’- ജില്ലാ കളക്ടര്‍

കല്‍പ്പറ്റ: കരാര്‍ കാലാവധി അവസാനിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും അനധികൃതമായി പദവിയില്‍ തുടര്‍ന്ന് വയനാട് ഡിടിപിസി സെക്രട്ടറി. നവംബര്‍ 19 ന് കരാര്‍ അവസാനിച്ച അജേഷ് കെജി ഫയലുകളില്‍ ഒപ്പിടുകയും യോഗങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അജേഷിന്റെ കാലാവധി നീട്ടിനല്‍കിയിട്ടില്ലെന്നും അനധികൃതമായാണ് സെക്രട്ടറി പദവിയില്‍ തുടരുന്നതെന്നും ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറും സ്ഥിരീകരിച്ചു

ഡിടിപിസി സെക്രട്ടറി എന്ന നിലയില്‍ അജേഷിന് സര്‍ക്കാര്‍ അനുവദിച്ച നിയമനത്തിന്റെ കരാര്‍ അവസാനിച്ചിട്ട് 14 ദിവസം കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷം വയനാട്ടിലെ ഡിടിപിസി സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു അജേഷ്.

അനധികൃതമായി തുടരുമ്പോള്‍ തന്നെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി ഫയലുകളില്‍ അജേഷ് ഒപ്പിട്ടിരുന്നു. വകുപ്പിന്റെ പല യോഗങ്ങളിലും അജേഷ് പങ്കെടുക്കുകയും ചെയ്തുവെന്നതും വിവാദമായി. അനധികൃത നടപടിക്കെതിരെ ടൂറിസം വകുപ്പിന് തന്നെ പരാതി ലഭിച്ചിട്ടുണ്ട്.

ഡിടിപിസി സെക്രട്ടറി ടൂറിസം വകുപ്പ് ഡയറക്ടറുടെ കീഴിലാണെന്നിരിക്കെ അനധികൃതമായി ഉദ്യോഗസ്ഥന്‍ തുടരുന്നതില്‍ വകുപ്പിലെ അധികൃതരും കുറ്റകരമായ മൗനം പാലിക്കുകയാണ് ചെയ്തത്.

webdesk17: