X

‘കണക്റ്റിംഗ് വില്ലേജസ്’; മലബാറിന്റെ നല്ലൊരു നാളേയ്ക്ക് വഴി തുറന്ന് ചന്ദ്രിക – ടാൽറോപ് ടെക്നോളജി മീറ്റ്

മലപ്പുറം: ഏറ്റവും നൂതന ടെക്നോളജിയൊരുക്കിയും അനവധി സ്റ്റാർട്ടപ്പുകൾക്കും ആഗോള കമ്പനികൾക്കും തുടക്കമിട്ടും അതിനാവശ്യമായ ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും മലബാറിന് കരുത്തുറ്റൊരു നാളെയെ സമ്മാനിക്കുന്നതിനുള്ള ചർച്ചകളാൽ സമ്പന്നമായി മലപ്പുറത്ത് നടന്ന ചന്ദ്രിക – ടാൽറോപ് കണക്ടിംഗ് വില്ലേജസ് ടെക്നോളജി മീറ്റ്.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ മീറ്റിൽ പങ്കെടുത്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി.

നവ സംരംഭങ്ങളെയും നൂതന ആശയങ്ങളേയും എന്നും ഇരു കൈയും നീട്ടി സ്വീകരിച്ച മലബാറിന്റെ സംരംഭക ചരിത്രത്തെ ഒരിക്കൽ കൂടി അടയാളമപ്പെടുത്തുന്നതായിരുന്നു മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ നടന്ന ടെക്നോളജി മീറ്റിന്റെ ഓരോ നിമിഷങ്ങളും.

അമേരിക്കയിലെ സിലിക്കൺവാലി മോഡലിൽ കേരളത്തെ ടെക്നോളജിയുടെയും എന്റർപ്രണർഷിപ്പിന്റെയും ഹെഡ്ക്വാർട്ടേഴ്സാക്കി മാറ്റിയെടുക്കുകയാണ് ടാൽറോപ് ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായി, ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും മെറ്റയും ആമസോണും പോലെ കേരളത്തിൽ നിന്നും ആഗോള തലത്തിൽ സ്കെയിൽ ചെയ്യാൻ കഴിയുന്ന ടെക്നോളജി കമ്പനി യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ ഇക്കോസിസ്റ്റം എജ്യൂക്കേഷൻ, ഐ.ടി, സ്റ്റാർട്ടപ്പ്, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഡവലപ് ചെയ്താണ് ഈ ഒരു ലക്ഷ്യത്തിലേക്ക് ടാൽറോപ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളെയും ഈ ഒരു ഇക്കോസിസ്റ്റത്തിനകത്തേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ മിനി ഐ.ടി പാർക്കിന് സമാനമായ, ടെക്നോളജി ആന്റ് കമ്മ്യൂണിറ്റി ഹബ്ബുകളായ 1064 വില്ലേജ് പാർക്കുകൾ ടാൽറോപ് സ്ഥാപിച്ചു വരികയാണ്. 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപറേഷനുകളിലുമായാണ് 1064 വില്ലേജ് പാർക്കുകൾ നിർമ്മിക്കുന്നത്.

ഓരോ വില്ലേജ് പാർക്കുകളിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ടാലന്റഡ് മാൻപവർ, ലഭ്യമാവുന്ന അഡ്വാൻസ്ഡ് ടെക്നോളജി എജ്യൂക്കേഷൻ, നിരവധി സ്റ്റാർട്ടപ്പുകൾ, ബിസിനസുകൾ, അനവധി തൊഴിലവസരങ്ങൾ, സമ്പൂർണ ഡിജിറ്റൽ ലിറ്ററസി നേടുന്ന ഗ്രാമങ്ങൾ ഇവയെല്ലാം അമേരിക്കയിലെ സിലിക്കൺവാലിയെന്ന പോലെ ക്രിയേറ്റർമാരുടെ താഴ് വരയായി കേരളത്തെ മാറ്റിയെടുക്കുമെന്ന് മീറ്റിൽ പ്രൊജക്ട് പ്രസന്റേഷൻ നിർവ്വഹിച്ച ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ചന്ദ്രിക മലപ്പുറം റസിഡന്റ് എഡിറ്റർ ഇഖ്‌ബാൽ കല്ലുങ്ങൽ, ലോക്കൽ ഗവണ്മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇസ്മായിൽ മാസ്റ്റർ, മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.വി മനാഫ്, ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ സംസാരിച്ചു.

 

webdesk13: