X

‘കോൺഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നൽകും’; ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിദ്വേഷം തുപ്പി ബിജെപി

തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം തുപ്പി ബിജെപി. കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രചാരണ വിഡിയോ. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് ഈ പ്രസ്താവന പ്രധാന പ്രചാരണായുധമായി ഉയര്‍ത്തിപ്പിടിച്ച് ബിജെപി രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്.

ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച ഒരു അനിമേറ്റഡ് വിഡിയോയിലാണ് ഈ പ്രസ്താവനയുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്‌ലിംകളാണെന്ന് ഈ വിഡിയോയില്‍ പറയുന്നു.

കഴിഞ്ഞ മാസം 21ന് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്‌ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

പ്രസ്താവന വിവാദമായതോടെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയാണ് വിശദീകരണം നല്‍കിയത്. ഇതോടെ, മോദിയുടെ പേര് പരാമര്‍ശിക്കാതെ സ്റ്റാര്‍ ക്യാമ്പയിനര്‍ കുറച്ചുകൂടി നിയന്ത്രിതമായി സംസാരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മോദി വീണ്ടും വിവാദ പരാമര്‍ശം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങള്‍, താലിമാല എന്നിവയുടെ എക്‌സ് റേ എടുക്കും. അവര്‍ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് പുനര്‍വിതരണം ചെയ്യുകയും ചെയ്യും. മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ല. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

webdesk13: