നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മഹല്‍, ഹന്‍സപുരി എന്നിവിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 25 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ഇപ്പോഴും പൊലീസ് വിന്യാസവും തുടരുകയാണ്. കര്‍ഫ്യു തുടരുന്നതിനാല്‍ അനാവശ്യമായ ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.
നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തിന് കാരണം ‘ഛാവ’ സിനിമയാണെന്നും ഇത് ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം കൈവരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ സ്ഥിരീകരിച്ചു. ‘നിലവില്‍ സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്,’ അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. നാഗ്പൂര്‍ സെന്ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുലുണ്ടായത്. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് കല്ലെറിയുകയായിരുന്നു.