പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്നും കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്നും മുസ്‌ലിംലീഗ് നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി.ജെ.പി ഈ വിജ്ഞാപനം പുറത്തിറക്കിയത്. പെട്ടെന്ന് ഒന്നും ചെയ്യില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം അവര്‍ തന്നെ ലംഘിച്ചിരിക്കുകയാണെന്ന് യോഗത്തിന് ശേഷം പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നാല് വര്‍ഷം മുമ്പ് കേന്ദ്രം നല്‍കിയ സത്യവാങ്മൂലമാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ലംഘിച്ചതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാറിന്റെ ദുരുദ്ദേശ്യം ജനം തിരിച്ചറിയും. പൗരത്വം കൊടുക്കാന്‍ മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ലോകത്ത് തന്നെ ആരും ചെയ്യാത്തതാണ്. ഇതൊരിക്കലും ഒരു സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മുസ്ലിംലീഗ് നിയമപരമായി അതിനെ നേരിടും. സമാന മനസ്‌കരുമായി ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കും. മുസ്‌ലിം ലീഗിന്റെ പാര്‍ലിമെന്റ് അംഗങ്ങള്‍ ശക്തമായി ഇതിനെ എതിര്‍ത്തതാണ്. ബി.ജെ.പി വലിയ അങ്കലാപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ മതേതരത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും മുസ്‌ലിം വിഷയമായി കാണേണ്ടതില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പിക്ക് ഈ വിഷയത്തില്‍ കുടിലമായ രാഷ്ട്രീയമാണുള്ളതെന്നും ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം എന്ന ആശയം തന്നെ സെക്യുലറാണെന്ന് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. ലോകത്ത് ഒരിടത്തും മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്നില്ല. ഇന്ത്യ എന്ന ആശയത്തിന് എതിരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തിലെ വൈകാരിക പ്രതികരണങ്ങള്‍ ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.കെ സുബൈര്‍ തുടങ്ങിയ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.