X

പൗരത്വ നിയമ ഭേദഗതി: സി.പി.എം ഇരട്ട റോൾ അവസാനിപ്പിക്കണം:  പി.കെ ഫിറോസ്

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സി.പി.എം ഇരട്ട റോൾ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കി ആറ് മത വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമമാണ്. ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിച്ച് നിൽക്കണം. എന്നാൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. നേരത്തേ സി.എ.എ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ നടത്തിയ പ്രതിഷേധ പരിപാടികൾക്ക് കേസെടുക്കില്ലെന്ന് പറഞ്ഞ പിണറായി സർക്കാർ നിരവധി കേസുകളാണ് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് പിൻവലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും നടപടികളൊന്നും എടുത്തിട്ടില്ല.

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് മാത്രം ലക്ഷങ്ങളാണ് ഈ കേസുകളിൽ പിഴയായി അടക്കേണ്ടി വന്നത്. നിയമസഭ തല്ലിപ്പൊളിച്ച കേസുൾപ്പടെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെട്ട കേസുകളെല്ലാം പിണറായി സർക്കാർ ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ഇരകളോടൊപ്പം കരഞ്ഞ് വേട്ടക്കാരോടൊപ്പം ഓടുന്ന ഈ സമീപനം സി.പി.എം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. ഭരണഘടനയെ പിച്ചിചീന്തുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാറിനെതിരെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നിരന്തര പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

webdesk14: