ശൈശവ വിവാഹത്തിന്റെ പേരില്‍ അസമില്‍ 416 പേരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തു. 2025 അവസാനത്തോടെ സംസ്ഥാനത്ത് ശൈശവ വിവാഹം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
സംസ്ഥാനത്ത് നടന്ന മൂന്നാംഘട്ട പരിശോധനയില്‍ 345 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അസം ഡി.ജി.പി ജ്ഞാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. നിലവില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതാപ് സിങ് അറിയിച്ചു.
2023 ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ സംസ്ഥാനത്ത് 3425 പേര് അറസ്റ്റ് ചെയ്യപ്പെട്ടിട്ടിരുന്നു. 4387 കേസുകളാണ് ഈ കാലയളവിനിടെ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും 682 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
ഇതുവരെ നടന്ന പരിശോധനയില്‍ 5,348 കേസുകള്‍ അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,842 പേര് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.അതേസമയം പങ്കാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.