സഫാരി സൈനുല്‍ ആബിദീന്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങള്‍ക്കൊന്നാകെ തന്നെ അഭിമാനകരമാവുന്ന വിധത്തില്‍ കെഎംസിസി കൂട്ടായ്മകള്‍ ചെയ്തുവരുന്ന സാമൂഹ്യ സേവന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സഹജീവി സ്‌നേഹത്തിന്റെയും സഹിഷ്ണ്തയുടെയും ഏറ്റവും ആര്‍ദ്രമായ അനുകരണീയ മാതൃകകളെയാണ് കെംഎംസിസി തീര്‍ക്കുന്നത്. ഇപ്പോള്‍ എന്റെ പ്രധാന കര്‍മ്മഭൂമിയായ ഖത്തറിലും സഹജീവി സ്‌നേഹത്തിന്റെ ഒരു പുതിയ ചരിത്രം തീര്‍ത്തിരിക്കുകയാണ് ഖത്തര്‍ കെഎംസിസി നേതൃത്വം.
ഖത്തറിലെ പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വണ്‍ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മല്‍ക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികില്‍സക്കായി കഴിഞ്ഞ ഏപ്രിലില്‍ മാസം മുതല്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ധനസമാഹരമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലക്ഷ്യത്തിലെത്തിയത്.
ചികിത്സാ ധനസമാഹരണ ക്യാംപെയിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തര്‍ സമാഹരിച്ചത് 677,850 ഖത്തര്‍ റിയാലാണ്. (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ). മല്‍ക്കാ റൂഹിയെന്ന ചോരപ്പൈതലിന്റെ ജീവന്‍ രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങുകയാണെന്ന് ഖത്തര്‍ കെംഎംസിസി നേതൃത്വം പ്രഖ്യാപിച്ചതു മുതല്‍ കര്‍മ്മനിരതനായ ഓരോ കെഎംസിസി പ്രവര്‍ത്തകനും. ഓരോ അംഗവും ഈ മഹത്തായ ഉദ്യമത്തിന്റെ ഭാഗമായെന്ന് ഉറപ്പു വരുത്തിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ചടക്കമുള്ള മറ്റു സംരംഭങ്ങളിലൂടെയുമാണ് ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചതെന്ന് മനസ്സിലാക്കുന്നു.
അന്നം തരുന്ന നാടിന്റെ തുടിപ്പുകളോട് ചേര്‍ന്ന് നില്‍ക്കാനും അവിടുത്തെ സന്തോഷ സന്താപങ്ങളില്‍ ഒപ്പം നില്‍ക്കാനുമുള്ള മലയാളി മനസ്സിന്റെ നേര്‍സാക്ഷ്യമാണ് ഖത്തര്‍ കെഎംസിസി കാണിച്ചത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കരിയ കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിനും ജനറല്‍ സെക്രട്ടറി സലീം നാലകത്തിനും മറ്റു ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്ദു റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വി.ടി.എം സാദിഖ്, സല്‍മാന്‍ എളയടം, ഷംസുദ്ദീന്‍ വാണിമേല്‍, കെഎംസിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം തല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു….
മല്‍ക്കാ റൂഹി യെന്ന മോള്‍ക്ക് എത്രയും വേഗം സര്‍വ്വശക്തന്‍ ശമനം നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു…