യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലബായ യങ് ബോയ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴിത്തി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ തിരിച്ചുവരവ്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി രണ്ട് ഗോളും റാഫിഞ്ഞയും ഇനിഗോ മാര്‍ട്ടിനെസും ഓരോ ഗോളും നേടി. ബാഴ്‌സലോണയ്ക്കുവേണ്ടി ഒരു സെല്‍ഫ് ഗോള്‍ യങ് ബോയ്‌സ് താരം മുഹമ്മദ് അലി കാമറയും നല്‍കി.
ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വന്‍ പരാജയമായിരുന്നു. മൊണാക്കോയോടൊപ്പം നടന്ന ആദ്യ മത്സരത്തില്‍ തന്നെ ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. സ്പാനിഷ് ലാ ലീഗയില്‍ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് ശേഷം ഒസസൂനയോട് ബാഴ്‌സ 4-2ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു തിരിച്ചു വരവ് സാധ്യമായത് ഹാന്‍സി ഫ്‌ലിക്കിന്റെ സംഘത്തിന് ആശ്വാസം തന്നെയാണ്.
മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യന്‍ ക്ലബായ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. സെര്‍ബിയന്‍ ക്ലബ് ക്രെവേനയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും വമ്പന്‍ ജയം നേടിയെടുത്തു. ഫ്രഞ്ച് ക്ലബ് പി എസ് ജിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലും വിജയം നേടി.