തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. Z പ്ലസ് കാറ്റഗറിയിലാവും സുരക്ഷ. ഇതോടെ പൊലീസ് സുരക്ഷ ഒഴിവാക്കി.
ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.