മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ. കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബി.ജെ.പി എം.എല്‍.എ രാജ്കുമാര്‍ ഇമോ സിങ് ആണ് രംഗത്തുവന്നത്.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. പശ്ചിമ ഇംഫാലില്‍ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ഇടപെടല്‍.
16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര സേനകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമര്‍ശിച്ചു. ‘60,000ലേറെ വരുന്ന കേന്ദ്ര സേനകള്‍ മണിപ്പൂരിലുണ്ടായിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയും ഈ സേനകള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍, അവരെ ഉടന്‍തന്നെ ഇവിടെ നിന്ന് നീക്കം ചെയ്ത് പകരം സംസ്ഥാന സര്‍ക്കാരിന് സുരക്ഷാ ചുമതലകള്‍ കൈമാറുന്നതാണ് നല്ലത്’- അമിത് ഷായ്‌ക്കെഴുതിയ കത്തില്‍ സിങ് വ്യക്തമാക്കി.
സമാധാനം പുനഃസ്ഥാപിക്കാന്‍ നിയമപ്രകാരമുള്ള നടപടികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ അനുവദിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. ‘നിസ്സഹകരണ യൂണിറ്റുകളെ ഇതിനോടകം നീക്കം ചെയ്തതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ കേന്ദ്ര സേനയ്ക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനു സംസ്ഥാന സേനയെ അനുവദിക്കണം’- സിങ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം ഇംഫാല്‍ വെസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സായുധരായ സംഘം ഡ്രോണുകളില്‍നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രശ്നബാധിത മേഖലകളില്‍ അതീവശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 163 പ്രകാരം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണിപ്പൂരില്‍ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 220ലേറെ പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.