കോഴിക്കോട് : ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പാനൂരിലെ ബോംബ് നിര്‍മ്മാണം നടത്തിയത് സി.പി.എം ആണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ ഭാരവാഹികളുമാണെന്ന് തെളിഞ്ഞിട്ടും ബോംബ് നിര്‍മ്മാണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെയും ഡിവൈഎഫ്‌ഐ സംസഥാന സെക്രട്ടറി സനോജിന്റയും നിലപാട് പരിഹാസ്യമാണ്. പ്രതികളായ പാര്‍ട്ടി ഭാരവാഹികള്‍ രക്ഷാ പ്രവര്‍ത്തനം നടത്താനാണ് അവിടെ എത്തിയതെന്ന വാദം തെളിയിക്കുന്നത് ഈ കേസ് അട്ടിമറിക്കാന്‍ പാര്‍ടി ഇടപെടും എന്നതാണ്.
ഈ ബോംബ് നിര്‍മ്മാണത്തിലെ മുഖ്യ സൂത്രധാരന്‍ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ പാര്‍ട്ടി സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുകയാണ് എന്നുറപ്പാണ്. പോലീസിന് കൊടുക്കേണ്ട മൊഴിയടക്കം പഠിപ്പിച്ചതിന് ശേഷം മാത്രമേ പ്രതിയെ പൊലീസിന് മുന്നില്‍ ഹാജറാക്കുകയുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം കേസ് അന്വേഷണം പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രമേ നടക്കുകയുള്ളൂ എന്നതിനാല്‍ കേസ് അട്ടിമറിക്കപ്പെടും എന്നതില്‍ സംശയമില്ല.
ആരെ കൊല്ലാനാണ് ഈ ബോംബ് നിര്‍മ്മിച്ചതെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ബോംബ് നിര്‍മ്മാണം നടന്നത് എന്നും തെളിയണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേരളാ പൊലീസ് അന്വേഷിച്ചാല്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല എന്നതിനാല്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുല്ലുക്കര മന്‍സൂര്‍ കൊല്ലപ്പെട്ടതിന്റെ മൂന്നാം വാര്‍ഷിക സമയത്താണ് സമീപ പ്രദേശത്ത് ഈ ബോംബ് നിര്‍മ്മാണം നടന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കഴിഞ്ഞ അന്ന് രാത്രിയാണ് മന്‍സൂറിനെ കൊന്നത്. ഈ ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാലും രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുന്നതിന് വേണ്ടിയാണ് ഈ ബോംബ് നിര്‍മ്മിച്ചത് എന്നത് വ്യക്തമാണ്.
മന്‍സൂറിന്റെ കൊലപാതക കേസിലെ പ്രതി ജാബിറും മറ്റൊരു പ്രതി വിപിന്റെ അച്ഛനും ജില്ലാ കമ്മറ്റിയംഗം ധനജ്ഞയനും കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട്ടില്‍ കയറി ഷൈലജ ടീച്ചര്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് പ്രദേശത്ത് പ്രകോപനമുണ്ടാക്കാനാണ്. ഖാലിദ് എന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ രണ്ട് ഓട്ടോറിക്ഷകള്‍ കത്തിച്ച് പ്രകോപനമുണ്ടാക്കിയതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സമാധാനപൂര്‍വ്വം തെരഞ്ഞടുപ്പ് നടക്കാതിരിക്കാനും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടിയുമാണ് ഇത്തരം ഭീഷണി സി.പി.എം ന്റെ ഭാഗത്ത് നിന്നുണ്ടായത്. ഭീഷണി വകവെക്കാതെ പ്രവര്‍ത്തിക്കുന്നവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സി.പി.എം ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.
2015ല്‍ ഇതേ പാനൂര്‍ ഏരിയാ കമ്മറ്റിയുടെ കീഴില്‍ വരുന്ന ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഷൈജു, സുബീഷ് എന്ന രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അന്നും സി.പി.എം പാര്‍ട്ടി സെക്രട്ടറി സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് രണ്ട് പേരുടെയും രക്തസാക്ഷി മണ്ഡപങ്ങള്‍ ഉണ്ടാക്കുകയും വര്‍ഷാവര്‍ഷം അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് സി.പി.എമ്മാണ്. എം.വി ജയരാജനും ഷൈലജ ടീച്ചറും ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നവരുമാണ്. കൊലയാളികളെ ഉണ്ടാക്കുന്ന പ്രൊഡക്ഷന്‍ യൂണിറ്റായി സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി മാറിയിരിക്കുന്നു. സി പി എം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഉത്തരം അക്രമണങ്ങള്‍ക്കെതിരെ ജനം വിധിയെഴുതണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, എം.എസ്.ഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.