X

കെ സുധാകരനും വിഡി സതീശനുമെതിരായ കേസ്; കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിവീശി പൊലീസ്‌

കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം. മലപ്പുറത്തും കാസർഗോഡും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർഗോഡ് എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാസർഗോഡ് ഡിസിസി പ്രസിഡന്റിന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. നിലത്തുവീണുകിടന്ന പ്രവർത്തകരെ പോലും പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ശക്തമായ മഴയെ അതിജീവിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മലപ്പുറത്താണ് കൂടുതൽ പ്രവർത്തകർക്ക് പരിക്ക് പറ്റിയത്. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാസർഗോഡ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയാണ്. പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിലേത് പോലെയാണ് ഇവിടെ കാര്യങ്ങൾ. ഇനി വെടിവെപ്പുണ്ടായാലും മാറില്ല. സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകരെ ആക്രമിച്ചുവെന്നും വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും വി എസ് ജോയ് പറഞ്ഞു.

webdesk13: