റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്തു കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് വിമാനസമയത്തിനനുസൃതമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോല്‍ ഘാടനം നിര്‍വ്വഹിക്കാനെത്തിയ മന്ത്രി അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
വിമാനം വൈകിയാല്‍ അതിനനുസരിച്ചു ബസിന്റെ സമയത്തിലും മാറ്റം വരുത്തും. ആളില്ലാതെ ഓടുകയും യാത്രക്കാര്‍ക്ക് ബസ് കിട്ടാത്ത അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് അബുദാബിയിലെ ഗോള്‍ഡന്‍ ചാന്‍സ് പോലെയുള്ള ഇളവുകളും അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസുകളാണ് എയര്‍പോര്‍ട്ടില്‍നിന്നുള്ള സര്‍വ്വീസിനായി ഉപയോഗപ്പെടുത്തുക. ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടയ്ക്കുവെച്ച് കയറാനുള്ളവര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ആപ്പാണ് പൊതുജനങ്ങള്‍ക്കാ യി ഇറക്കുന്നത്.
അടുത്തമാസം അവസാനത്തോടെ ആര്‍സി ബുക്കുകള്‍ പൂര്‍ണ്ണമായും ഡിജിറ്റിലായിമാറും. അതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്ന് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടുത ല്‍ മെച്ചപ്പെടുത്തും. പുതിയ ബസുകള്‍ വാങ്ങിക്കുന്നതിനുപകരം നിലവിലുള്ള ബസുകള്‍ നവീകരിച്ചു ചെലവുചുരുക്കുകയും പുതിയ ബസ്സിനുതുല്യമാക്കിമാറ്റുകയും ചെയ്യും.