X

രണ്ടാം സെമിയില്‍ ഇന്ന് തകര്‍പ്പന്‍ അങ്കം; ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം

ഏകദിന ലോകകപ്പില്‍ ഇന്ന് രണ്ടാം സെമിപ്പോരില്‍ കിടിലന്‍ പോരാട്ടാം. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. കൊല്‍ക്കത്തയിലെ
ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇന്ത്യയോടും നെതര്‍ലന്‍ഡ്‌സിനോടും മാത്രം പരാജയമേറ്റ് വാങ്ങി ഒന്‍പതില്‍ 7 ജയിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിരിക്കുന്നത്

എന്നാല്‍ ടൂര്‍ണമെന്റിലെ തുടക്കത്തില്‍ താളം തെറ്റിയ കങ്കാരുക്കള്‍ പിന്നീട് കൂടുതല്‍ അപകടകാരിയായാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളില്‍ മികച്ച റെക്കോഡുള്ള ഓസീസും നിര്‍ഭാഗ്യം നിരന്തരം വേട്ടയാടുന്ന ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമെത്തുമെന്നുള്ളത് പ്രവചനതീതമാണ്.

നാല് സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡീകോക്ക് ഉള്‍പ്പെടെ അവരുടെ ടോപ്-സിക്‌സ് ബാറ്റര്‍മാരില്‍ 4 പേരും സെഞ്ച്വറി നേടിയിട്ടുണ്ട്. 591 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതാണ് ഡീകോക്ക്. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക 6 തവണ 300 കടന്നു. ഒപ്പം ശ്രീലങ്കയ്‌ക്കെതിരേ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 428 റണ്‍സ് നേടി റെക്കോര്‍ഡ് സ്വന്തമാക്കിയതും ദക്ഷിണാഫ്രിക്കയെ കൂടുതല്‍ അപകടകാരികളാക്കുന്നു.

നിര്‍ണായകമായ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 91 എന്ന സ്‌കോറില്‍ നിന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിക്കരുത്തിലാണ് ഒസീസ് സെമിയിലെത്തുന്നത്. മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷും മാക്സ്വെല്ലും ചേര്‍ന്നാണ് അവരുടെ ബാറ്റിങ്ങിന്റെ നട്ടെല്ല്. ഡേവിഡ് വാര്‍ണര്‍ എതിരാളികള്‍ക്ക് ഏത് നിമിഷവും അപകടകാരിയാക്കും. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിങ് നിരയക്ക് കാര്യമായ മികവ് ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്പിന്നര്‍ ആദം സാംപ മാത്രമാണ് ഓസീസിനെ പന്തുകൊണ്ട് ജയിപ്പിച്ചിട്ടുള്ളത്.

webdesk13: