ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവര്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.