ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിലെ ലേഖനത്തെച്ചൊല്ലി മഹാരാഷ്ട്ര എൻ.ഡി.എയിൽ വാക്പോര് കടുക്കുന്നു. എൻ.സി.പി അജിത് പവാർ വിഭാഗത്തിനൊപ്പം ബി.ജെ.പി സഖ്യമുണ്ടാക്കിയത് ശരിയായില്ലെന്നാണ് ആർ.എസ്.എസ് പ്രസിദ്ധീകരണത്തിലെ ലേഖനത്തിലെ വിമർശനം. ഇതിന് പിന്നാലെ എൻ.സി.പി-ബി.ജെ.പി അംഗങ്ങൾ തമ്മിൽ വാക്പോര് കടുക്കുകയായിരുന്നു.
ലേഖനത്തിൽ പ്രതികരണവുമായി എൻ.സി.പി നേതാവും മന്ത്രിയുമായ ഛഗൻ ബുജ്ബാൽ രംഗത്തെത്തി. ഒരുതരത്തിൽ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സത്യമായിരിക്കാം. എന്നാൽ, ബി.ജെ.പി കോൺഗ്രസ് നേതാക്കൾക്ക് സ്ഥാനം നൽകിയതാണ് പ്രശ്നമായതെന്ന് ബുജ്ബാൽ പറഞ്ഞു. അശോക് ചവാനെ ബി.ജെ.പി ഒപ്പം കൂട്ടിയതിനേയും മിലിന്ദ് ദേറോയെ ഏക്നാഥ് ഷിൻഡെ വിഭാഗം രാജ്യസഭ അംഗമാക്കിയതിനെയും ബുജ്ബാൽ വിമർശിച്ചു.
യു.പിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആര് സംസാരിക്കും. ബി.ജെ.പിക്ക് സീറ്റ് എന്ത് കൊണ്ട് കുറഞ്ഞുവെന്ന് ആര് പരിശോധിക്കുമെന്ന് ബുജ്ബാൽ ചോദിച്ചു. ലേഖനത്തിലെ പരാമർശങ്ങൾ ബി.ജെ.പി നിലപാടിന് വിരുദ്ധമാണെന്നായിരുന്നു എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിന്റെ പരാമർശം. ബി.ജെ.പി ജയിച്ചാൽ ക്രെഡിറ്റ് ആർ.എസ്.എസിനും തോറ്റാൽ ഉത്തരവാദിത്തം അജിത് പവാറിനും നൽകുന്നത് ശരിയല്ലെന്നായിരുന്നു എൻ.സി.പി യൂത്ത് വിങ് നേതാവ് സൂരജ് ചവാന്റെ വിമർശനം.
ആർ.എസ്.എസിനെതിരായ വിമർശനങ്ങൾ കടുത്തതോടെ പ്രതികരണവുമായി ബി.ജെ.പി എം.എൽ.സി പ്രവിൺ ദാരേക്കർ രംഗത്തെത്തി. ആർ.എസ്.എസ് നമ്മളുടെയെല്ലാം പിതൃസ്ഥാനത്ത് നിൽക്കുന്ന സംഘടനയാണ്. അതിനെ കുറിച്ച് ആരും അഭിപ്രായം പറയേണ്ട. ഇക്കാര്യത്തിൽ സൂരജ് ചവാന്റെ പ്രതികരണം തിടുക്കം പിടിച്ചതായി പോയി. ബി.ജെ.പി എൻ.സി.പിയെ വിമർശിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ എൻ.ഡി.എയിൽ ചർച്ച ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.