ബിജെപിക്ക് ആര്‍എസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആര്‍എസുമായുള്ള ബിജെപിയുടെ അകല്‍ച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബിജെപി- ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും ആര്‍എസ്എസിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി അധ്യക്ഷന്റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.
ആര്‍എസ്എസിന്റെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറയുമ്പോള്‍ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി, ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോദി കര്‍മ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോള്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആര്‍എസ് എസിനേക്കാളും വളര്‍ന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായതോടെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആര്‍എസ്എസിനെ തിടുക്കത്തില്‍ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരാജയം മണത്ത മോദിയും കൂട്ടരും ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോള്‍. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോള്‍ അക്കാര്യം തിരിച്ചറിയാന്‍ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മ്മയും പോലുള്ള ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തില്‍ വ്യക്തമാക്കുമ്പോള്‍ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.