ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ഡാനിഷ് അലിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച ബിധുരി ഇത്തരക്കാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ബിധുരിയുടെ അധിക്ഷേപം കേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ബിധുരിയുടെ പരാമര്‍ശങ്ങളില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും ബിധുരിയുടെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. ലോക്സഭാ സ്പീക്കര്‍ വിഷയത്തില്‍ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോയെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.
മുസ്ലിംകളെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് ബി.ജെ.പിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, എ.എ.പി നേതാവ് സഞ്ജയ് സിങ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല തുടങ്ങിയവരും ബിധുരിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
അതേസമയം പാര്‍ലമെന്റ് അംഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിട്ടും നടപടിയെടുക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇത്തരം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന താക്കീത് മാത്രമാണ് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്.