കരാറുകാരന്‍ കമ്മീഷന്‍ നല്‍കിയില്ലെന്നാരോപിച്ച് എംഎല്‍എയുടെ സഹായി റോഡ് കുത്തിപ്പൊളിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഷാജഹാന്‍പൂരിനെയും ബദൗണിനെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) റോഡിന്റെ അര കിലോമീറ്റര്‍ ദൂരമാണ് ബിജെപി എംഎല്‍എയുടെ സഹായിയുടെ നിര്‍ദേശ പ്രകാരം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചെന്നാണ് ആരോപണം.
റോഡ് പണിയെടുത്ത കരാറുകാരന്‍ എംഎല്‍എക്ക് കമ്മീഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് അതിക്രമമെന്നും ആരോപണമുയര്‍ന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
20ഓളം പേര്‍ക്കെതിരെ കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജര്‍ രമേഷ് സിംഗിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാള്‍ കത്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വീര്‍ വിക്രം സിംഗിന്റെ സഹായിയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
എംഎല്‍എയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ജഗ്‌വീര്‍ സിംഗ് നിരവധി തവണ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി അഞ്ച് ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ ആരോപിച്ചു.
കമ്മീഷന്‍ കിട്ടാതെ വന്നപ്പോള്‍ നിര്‍മിച്ച റോഡിന്റെ അരകിലോമീറ്റര്‍ ഒക്‌ടോബര്‍ രണ്ടിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. ജഗ്‌വീര്‍ സിംഗ് റോഡ് നിര്‍മ്മാണ സ്ഥലത്തെത്തുകയും തൊഴിലാളികളെ വടികൊണ്ട് മര്‍ദിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ അരകിലോമീറ്റര്‍ കുഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടും ടില്‍ഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) കീഴിലുള്ള സംഘത്തോടും വിശദമായ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗ്‌വീര്‍ സിംഗ് തന്റെ സഹായിയല്ലെന്നും എന്നാല്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകനാണെന്നും എംഎല്‍എ വീര്‍ വിക്രം സിംഗ് പറഞ്ഞു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെങ്കിലും താനുമായി ബന്ധമില്ലെന്നും എംഎല്‍എ പറഞ്ഞു.