തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദന്‍ റാവു പള്ളി തകര്‍ത്തതിനെ ന്യായീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 8 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെന്നും രഘുനന്ദന്‍ റാവു പറഞ്ഞു. രംഗനാഥന്‍ എന്ന ഐ.പി.എസ് ഓഫീസറെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും ബി.ജെ.പി എം.പി അവകാശപ്പെട്ടു.
പൊലീസ് ചെയ്യേണ്ട കാര്യം ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ചെയ്താല്‍ അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പള്ളി നിര്‍മിക്കുന്നതിന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിയുടേയോ മണ്ഡല്‍ റവന്യു ഓഫീസറടുയോ അനുമതി വാങ്ങിയിട്ടില്ല. ബി.ജെ.പി നിരവധി പരാതികള്‍ നല്‍കിയിട്ടും അനധികൃതമായി നിര്‍മിച്ച പള്ളികളില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞ് രഘുനന്ദന്‍ റാവു പൊലീസ് സ്‌റ്റേഷനിലേക്ക് എത്തി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. തര്‍ക്ക ഭൂമി സര്‍ക്കാര്‍ നല്‍കിയത് തന്നെയാണെന്നും പിന്നീട് ഇത് സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നുവെന്നും ആരോപണം. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രേഖകള്‍ അനധികൃതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഗ്രാമത്തില്‍ മൂന്ന് പള്ളികള്‍ ഉണ്ടെന്നും ഇതെല്ലാം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് മതില്‍ തകര്‍ത്തവരുടെ വാദമെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, ദലിത് സമൂഹമല്ല ഗ്രാമത്തില്‍ പള്ളികള്‍ നിര്‍മിച്ചതെന്നും അധികൃതര്‍ അറിയിച്ചു.