ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. തുടക്കത്തില്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിനെ പുറത്താക്കി ഓസ്‌ട്രേലിയ നേട്ടമുണ്ടാക്കി.
എട്ട് റണ്‍സെടുത്ത ഗെയ്ക്ക്‌വാദിനെ ഹേസല്‍വുഡാണ് പുറത്താക്കിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.
ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തപ്പോള്‍ തുടര്‍ന്നെത്തിയ ആരും മോശമാക്കിയില്ല. കെ.എല്‍. രാഹുല്‍ 38 പന്തില്‍ മൂന്ന് സിക്‌സും അത്രയും ഫോറുമടിച്ച് 52 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സും അടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.