ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായ ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച മണിപ്പൂരിലെ ഇംഫാല്‍ പാലസ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.
യാത്രയുടെ ഉദ്ഘാടനം പാലസ് ഗ്രൗണ്ടില്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒരു യാത്ര നടത്തുമ്പോൾ മണിപ്പൂരിനെ ഒഴിവാക്കാനാവില്ല. ഇത് രാഷ്ട്രീയ പരിപാടിയല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ യാത്രയെ പേടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. സംഘർഷനാളുകളിൽ മണിപ്പൂർ സന്ദർശിച്ച് സമാധാന സന്ദേശം നൽകിയ നേതാവാണ് രാഹുൽ ഗാന്ധി. വേദിക്ക് അനുമതി നിഷേധിച്ചതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും വേണുഗോപാൽ ചോദിച്ചു.