വോട്ടിങ് മെഷീന്‍ നിര്‍മിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളെന്ന് മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി ഇ.എ.എസ് ശര്‍മ.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കളെ ഭാരത് ഇലക്‌ട്രോണിക്‌സ് നിയന്ത്രിക്കുന്ന ബോര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്‍മ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളോട് പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി നേതാക്കള്‍ ഭാരത് ഇലക്ട്രോണിക്‌സിന്റെ നടത്തിപ്പില്‍ ഇടപെടുന്നുണ്ട്. ഇ.വി.എമ്മുകളുടെ കാതലായ ചിപ്പുകളില്‍ ഉള്‍ച്ചേര്‍ത്ത രഹസ്യ കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ
നേതൃത്യം ഒരു രാഷ്ട്രീയ പാര്‍ട്ടി വഹിക്കുന്നു എന്നത് സംശയം ജനിപ്പിക്കുന്നു,’മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനും ഇ.സി.ഐയിലെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തില്‍ ശര്‍മ പറയുന്നു.
ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ കുറഞ്ഞത് നാല് ബി.ജെ.പി നോമിനികളെങ്കിലും സ്വതന്ത്ര ഡയറക്ടര്‍മാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് എങ്ങനെയെന്ന് അദ്ദേഹം ചോദിക്കുന്നു. നേരത്തെ ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ദയില്‍പ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു.
കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു സ്വതന്ത്ര ഡയറക്ടര്‍ നിര്‍ണായക പങ്ക് വഹിക്കണമെന്നാണ് കമ്പനി നിയമം അനുശാസിക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ ഒരു പ്രധാന ഭാരവാഹിയെ ബി.ഇ.എലിന്റെ ബോര്‍ഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കത്ത് വിവാദമാവുകയാണ്.