അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.
ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0
രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.
രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.
65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.
മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.