ലവ് ജിഹാദിനെ നേരിടാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയ സംഭവത്തില്‍ ബജ്‌റംഗ്ദളിനെതിരെ കേസെടുത്ത് അസം പൊലീസ്. അസമിലെ ദാരംഗ് ജില്ലയിലായിരുന്നു സംഭവം. പരിശീലന പരിപാടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഘാടകര്‍ക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ 24 മുതല്‍ 30 വരെ നീളുന്ന 4 ദിവസത്തെ പരിശീലന പരിപാടിയായിരുന്നു ബജ്‌റംഗ്ദള്‍ നടത്തിയത്. ഇതില്‍ 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ള നാനൂറോളം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
തോക്കുള്‍പ്പെടെ ആയുധങ്ങള്‍ നല്‍കിയായിരുന്നു പരിശീലനമെന്നും അസം ബദ്‌റംഗ്ദള് പ്രസിഡന്റ് ദിനേശ് കലിത തന്നെ പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രം എങ്ങനെ സൃഷ്ടിക്കാമെന്നും ലവ് ജിഹാദ് എങ്ങനെ ഇല്ലാതാക്കാമെന്നതുമാണ് പരിശീലനത്തിന്റെ ലക്ഷ്യം. ലവ് ജിഹാദിനെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ലെന്നും അതുകൊണ്ടാണ് ക്യാമ്പ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും ആയുധ പരിശീലനം നടത്താന്‍ അധികാരം നല്‍കുന്ന നിയമം രാജ്യത്തില്ലെന്നും അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മദ്രസ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ദളിന്റെ ആയുധ പരിശീലനത്തിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ഭീകരാന്തരീക്ഷം സ്ഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ തന്ത്രം നിരത്തി 2024 തെരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ബോറ വ്യക്തമാക്കി. അതേസമയം പരിശീലന ക്യാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി യുവാക്കള്‍ തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരിശീലിക്കുന്നതും ആയോധനകലകള്‍ അഭ്യസിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥ ഒരു സംഘടനക്കും ഇത്തരത്തില്‍ ആയുധ പരിശീലനം നടത്താനുള്ള് അനുവാദം നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.