X

ബിജെപിക്കെതിരെ വമ്പന്‍ പടയൊരുക്കം; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാന്‍ ശ്രമം.
ഈ മാസം 23-ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യത്തില്‍ സജീവ ചര്‍ച്ച നടക്കും. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികളാണ് പട്നയിലെ ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കുക.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, ഹേമന്ദ് സോറന്‍ എന്നിവരെല്ലാം അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്തൊന്നും ഒരുമിച്ച് ഒരു വേദിയില്‍ വന്നിട്ടില്ലാത്ത നേതാക്കള്‍ ഒരേ മുറിയിലിരുന്ന് സംസാരിക്കും.  സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പല പാര്‍ട്ടികളുടേയും ഏറ്റവും പ്രധാന നേതാക്കള്‍ തന്നെ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുമ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടികള്‍ പരസ്പര വൈരം തത്കാലത്തേക്കെങ്കിലും മാറ്റിവെക്കുകയാണ്.

543 ലോക്സഭാ മണ്ഡലങ്ങളില്‍ 450 ഇടത്തും ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാഥി ഉണ്ടാകണം എന്ന ചര്‍ച്ചയാണ് 23-ലെ യോഗത്തില്‍ പ്രധാനമായും നടക്കുക. ഇതുവഴി ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ച് പോകില്ല എന്ന് ഉറപ്പാക്കാന്‍ കഴിയും. തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം എങ്ങനെ പ്രായോഗികമാക്കാന്‍ കഴിയും എന്നത് സഖ്യത്തിന്റെ വിജയത്തെ നിര്‍ണയിക്കും. ഇവിടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ബിആര്‍എസ് എന്നിവ. അടുത്ത ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിആര്‍എസ് പ്രതിപക്ഷ യോഗത്തിനെത്തില്ല.പട്‌നയില്‍ കോണ്‍ഗ്രസിനൊപ്പമിരുന്നാല്‍ തെലങ്കാനയില്‍ ബിആര്‍എസ് വില കൊടുക്കേണ്ടി വരും. അതാണ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിന് പിന്നില്‍. പ്രതിപക്ഷ മഹാസഖ്യത്തെ കോണ്‍ഗ്രസ് തന്നെയാവും നയിക്കുക.
പക്ഷേ, തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും ജെഡിയുവും ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കണം. നിങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സഹായിക്കാം, ഞങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ ഞങ്ങളേയും സഹായിക്കണം എന്ന് മമത ബാനര്‍ജി നേരത്തേതന്നെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ഉള്‍പ്പെടെയുള്ള സന്ദേശമാണ്. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിആര്‍എസ് മഹാ സഖ്യത്തിലേയ്ക്ക് വന്നേക്കാം. അടുത്ത ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ മഹാസഖ്യം സംഘടിപ്പിക്കും.

സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, സിപിഐഎംല്‍, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യ യോഗത്തിനെത്തും. നേരത്തേ ഈ മാസം 12ന് പട്‌നയില്‍ യോഗം ചേരാനായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. എന്നാല്‍ രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിലാണെന്നത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതോടെ യോഗം മാറ്റിവെക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

webdesk13: