X

വധശ്രമക്കേസ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചു

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ നാഗരേഷാണ് വിധി പറഞ്ഞത്. കവരത്തി സെഷന്‍സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം 2 വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടും. ഇക്കാര്യത്തില്‍ ഇളവു നല്‍കാനാവില്ലെന്നും ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു.

സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്താണ് ലക്ഷദ്വീപ് ഭരണകൂടം ഈ വാദം ഉന്നയിച്ചത്.

ഫൈസല്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്തതോടെ അയോഗ്യത നീങ്ങിയിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവു റദ്ദാക്കി അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് ഹൈക്കോടതി അപ്പീലില്‍ വാദം കേട്ടത്.

പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിര്‍ണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസല്‍ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിര്‍കക്ഷികളും എതിര്‍ത്തു.

webdesk13: