ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 1.7 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബൈ ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിലെ കാബിന്‍ ക്രൂവും യാത്രക്കാരനുമാണ് പിടിയിലായത്. കാബിന്‍ ക്രൂ അംഗത്തിന്റെ അടി വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ കാബിന്‍ ക്രൂ അംഗത്തെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോദനയില്‍ പേസ്റ്റ് രൂപത്തിലാക്കിയ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അതേ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് സ്വര്‍ണം തനിക്ക് കൈമാറിയതെന്ന് കാബിന്‍ ക്രൂ അംഗം വെളിപ്പെടുത്തിയത്. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തെങ്കിലും പേര് വിവരങ്ങള്‍ ഇതുവരെ പുറത്തിവിട്ടിട്ടില്ല.
എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫുകളെ ഉപയോഗിച്ചുള്ള സ്വര്‍ണ കടത്തിന് തടയിട്ടതോടെയാണ് കാബിന്‍ ക്രൂവിനെ ഉപയോഗപ്പെടുത്തിയുള്ള പുതിയ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് തന്റെ ആദ്യത്തെ ശ്രമമാണെണ് കാബിന്‍ ക്രൂ അംഗം മൊഴി നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തില്ല.