X

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; 28 ദിവസം സഭ ചേരും

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യും.

സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വര്‍ഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യര്‍ഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂണ്‍ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട്, മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടര്‍ന്ന്, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കുന്നതുമാണ്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.

webdesk13: