തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ചതോടെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും അതിർത്തിയില്‍ വാഹന പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം മാക്കൂട്ടം പൊലീസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കേരളത്തില്‍ നിന്നെത്തിയ വാഹനത്തില്‍നിന്ന് കണക്കില്‍പെടാത്ത 1.5 ലക്ഷം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മാക്കൂട്ടം ചെക്പോസ്റ്റില്‍ പൊലീസും എക്‌സൈസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഒമ്ബത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
കേരളത്തില്‍നിന്ന് എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കർണാടകയിലേക്ക് കടത്തിവിടുന്നത്. പണം, ആയുധം, ലഹരി വസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. രേഖകളില്ലാതെ 50000 ല്‍ കൂടുതല്‍ പണം കണ്ടെത്തിയാല്‍ സംഘം പിടിച്ചെടുക്കും. പിന്നീട് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ പിടിച്ചെടുക്കുന്ന പണം തിരികെ ലഭിക്കുകയുള്ളൂ. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് അടക്കം വിഡിയോ എടുത്താണ് പരിശോധന.
കേരള അതിർത്തിയായ കൂട്ടുപുഴയില്‍ പൊലീസ്, എക്‌സൈസ്, കേന്ദ്രസേന, ഇലക്ഷൻ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ശക്തമായ പരിശോധന തുടരുന്നുണ്ട്. ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ട് വരാൻ സാധ്യത മുൻനിർത്തി രണ്ട് സംഘങ്ങളായി വേർതിരിഞ്ഞാണ് എക്‌സൈസ് പരിശോധന. കേരളാതിർത്തിയിലും ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുന്നത് വിഡിയോ പകർത്തുന്നുണ്ട്.