പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡല്‍ഹിയില്‍ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയില്‍ 28 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കുടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചും ഇന്ത്യാസഖ്യം നടത്തുന്ന മഹാറാലിയുടെ പശ്ചാത്തലത്തില്‍ രാംലീല മൈതാനില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. മൈതാനത്തേക്കു കടക്കുന്നതിനായി പൊലീസ് 7 കവാടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം വിഐപികള്‍ക്കും ഒരെണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ്.
ട്രാക്ടറുകള്‍ എത്തിക്കരുത്, മാര്‍ച്ച് നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണു പൊലീസ് പ്രതിഷേധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 20,000 പേര്‍ക്കാണ് അനുമതി നല്‍കിയതെങ്കിലും 30,000ലധികം ആളുകളെത്തുമെന്നു പൊലീസ് തന്നെ പറയുന്നു.
ഒരു ലക്ഷത്തിലേറെ ആളുകള്‍ എത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞത്. ബിജെപി, ആം ആദ്മി പാര്‍ട്ടി, സിപിഎം എന്നിവയുടെ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ 144 പ്രഖ്യാപിച്ചു. രാം ലീല മൈതാനു പുറത്തേക്കു റാലി അനുവദിക്കില്ല. നിബന്ധനകള്‍ ലംഘിച്ചാല്‍ കര്‍ശന നപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
രാംലീല മൈതാനിയോടു ചേര്‍ന്നുള്ള റോഡുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹി, ഡിഡിയു മാര്‍ഗ്, രാംലീല മൈതാനി എന്നിവിടങ്ങളിലായി 12 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിസരത്ത് സിസിടിവി ക്യാമറകളും കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.