അരിക്കൊമ്പന്‍ ലോവര്‍ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിര്‍ത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിനു പുറകില്‍ വരെ അരിക്കൊമ്പന്‍ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൃഷി സ്ഥലങ്ങളോടു ചേര്‍ന്നുള്ള പുളിമരക്കാടുകള്‍ക്കു നടുവിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളതെന്നാണ് വിവരം. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ഫലം കാണുന്നില്ലെന്നാണ് സൂചന. ഇന്നലെ വരെ ചിന്നക്കനാല്‍ മേഖലയിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് വ്യക്തമായിരുന്നത്.
കൃഷി സ്ഥലങ്ങള്‍ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്‌നാട്, കേരള വനംവകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കടന്നിരുന്നു.
ചിന്നക്കനാലില്‍ നിന്നാണ് ഏപ്രില്‍ 29ന് മയക്കുവെടിവച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ എത്തിയ അരിക്കൊമ്പന്‍ അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു.