X

മെസിയില്ലാതെയും അര്‍ജന്റീന; ചിലിയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു, ഡിബാലക്ക് ഗോള്‍ നേട്ടം

സഹീലു റഹ്മാന്‍

ലാറ്റിനാമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തട്ടുതകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ചിലിയെ തകര്‍ത്തു വിട്ടു.
ലിവര്‍പൂള്‍ താരമായ മാക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന മത്സരത്തിനിറങ്ങിയത്. പതിവിനു വിരുദ്ധമായി ഇത്തവണ 3-5-2 എന്ന ശൈലിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി പരീക്ഷിച്ചത്. കടുത്ത ആക്രമണമാണ് അര്‍ജന്റീന മത്സരത്തിലുടനീളം നടത്തിയത്. ചിലിയാകട്ടെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് നിന്നത്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ മാക്ക് അലിസ്റ്ററാണ് ചിലിയന്‍ പ്രതിരോധം പൊളിച്ച് പന്ത് വലയിലെത്തിച്ചത്. പിന്നീട് ഗോളിനായി ശ്രമിച്ചെങ്കിലും അവസാന പത്ത് മിനിറ്റിനിടെയാണ് ശേഷിക്കുന്ന രണ്ട് ഗോളുകളും പിറന്നത്.

84ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്തായിരുന്നു ഡിബാലയുടെ വക മൂന്നാം ഗോള്‍ വന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തിയ ഡിബാല ഗോളിലൂടെയാണ് വരവറിയിച്ചത്. 7 കളിയില്‍ അര്‍ജന്റീനയുടെ ആറാം ജയമാണിത്. 18 പോയിന്റുകളുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഒരു തോല്‍വിയാണ് മാത്രമാണ് ലോകകപ്പ ചാമ്പ്യന്മാര്‍ക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ബൊളീവിയ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്തു.

webdesk13: