ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാരും. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 17 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കാനാണ് തീരുമാനം. വേതന വര്‍ധനയുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.
അങ്കണവാടി ജീവനക്കാരില്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് മറുപടി, സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യം നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.
2024 ഏപ്രിലില്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങളൊ പെന്‍ഷനെ കിട്ടിത്തുടങ്ങിയിട്ടില്ല. വര്‍ക്കര്‍ക്ക് 2500 രൂപയും ഹെല്‍പ്പര്‍ക്ക് 1250 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. ക്ഷേമനിധിയിലേക്ക് 500 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചിരുന്നത്. 20 ശതമാനം സര്‍ക്കാര്‍ വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേര്‍ത്ത് ഇവര്‍ക്ക് ലഭിക്കാനുണ്ട്. വിരമിക്കല്‍ ആനുകൂല്യമായി 15,000 രൂപ എസ്‌ഗ്രേഷ്യയും കിട്ടണം. ഇത് നല്‍കാനാണ് ഫണ്ടില്ലാത്തത്. 2024-ല്‍ 2600 പേര്‍ അങ്കണവാടിയില്‍നിന്ന് വിരമിച്ചു. സാധാരണനിലയില്‍ പിറ്റേമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കേണ്ടതാണ്. പിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും എസ്‌ഗ്രേഷ്യയും പെന്‍ഷനും മാത്രമാണ്.