കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അഞ്ജുശ്രീ മരിക്കുന്നതിന് മുമ്പ് എലിവിഷത്തെക്കുറിച്ച് ഗൂഗിളില്‍ സര്‍ച്ച് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. എലിവിഷം കഴിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ. ഇന്നലെ പൊലീസ് വീട്ടിലെത്തി വിശദപരിശോധന നടത്തിയതിലാണ് വിവരങ്ങള്‍ ലഭിച്ചത്. അഞ്ജുശ്രീയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല. ബി.കോം വിദ്യാര്‍ത്ഥിയാണ് . പെരുമ്പള ബേനൂര്‍ കോളജിലായിരുന്നു പഠനം.കാസർകോട് പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ കുമാരന്‍നായരുടെയും അംബികയുടെയും മകളാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാവിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്നില്ല. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹോട്ടലില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. അഞ്ജുശ്രീ കുഴിമന്തി വാങ്ങിയ ദിവസം വേറെ 120 പേര്‍ അതേ ഹോട്ടലില്‍ നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ആര്‍ക്കും ഭക്ഷ്യവിഷബാധയുടെ ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഹോട്ടലില്‍ ഏതെങ്കിലും വിധത്തിലുള്ള വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുഴിമന്തി വാങ്ങിക്കഴിച്ച് നാലോ അഞ്ചോ ദിവസങ്ങള്‍ക്കു ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.