X

പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കും: എ.കെ ആന്റണി

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി തോല്‍ക്കുമെന്ന് എ.കെ ആന്റണി. മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോഗ്യ കാരണങ്ങളാലാണ് താന്‍ ഒരിടത്തും പ്രചരണത്തിന് പോകാത്തത്. രണ്ടുതവണ കോവിഡ് ബാധിച്ചതിന്റെ പാര്‍ശ്വഫലങ്ങള്‍ തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കെ.പി.സി.സിയിലേക്കും തിരിച്ചുമല്ലാതെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കി. തിരുവനന്തപുരത്തെ പ്രചരണ പരിപാടികളില്‍ പോലും പങ്കെടുക്കാവുന്ന സ്ഥിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയുടെ സുവര്‍ണാവസരം കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉണ്ടായിരുന്നത് കൊണ്ടാണ് കുറച്ചു വോട്ടുകള്‍ അവര്‍ക്ക് അധികം നേടാനായത്. ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറയുമെന്നും എല്ലാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയില്‍ താന്‍ പ്രചരണത്തിന് പോയില്ലെങ്കിലും അവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി തിളക്കമാര്‍ന്ന വിജയം നേടും. അനില്‍ ആന്റണി തോല്‍ക്കും. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബി.ജെ.പിയില്‍ പോകുന്നത് തെറ്റാണെന്ന് പറഞ്ഞ എ.കെ ആന്റണി, മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആ ഭാഷ ശീലിച്ചിട്ടില്ല. കെ.എസ്.യു കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. തന്റെ മതം കോണ്‍ഗ്രസ് ആണെന്നും ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk13: