ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിയുടെ ഭാഗമായി കേരളത്തിന് 3743 കോടി രൂപയുടെ 740 പ്രോജക്റ്റുകള്‍ അനുവദിച്ചതായി കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭുഷണ്‍ ചൗധരി രേഖാമൂലം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി 251 ജലവിതരണ പദ്ധതികള്‍ക്ക് മാത്രം 2413 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ 91 നഗരസഭകളില്‍ ഈ പദ്ധതികള്‍ നടപ്പാക്കും. കേരളത്തില്‍ അമൃത് 2.0 പദ്ധതി പ്രകാരം അനുവദിച്ച ജലവിതരണ പദ്ധതികളുടെ എണ്ണം സംബന്ധിച്ച് ലോക്‌സഭയില്‍ ഡോ. സമദാനി ഉന്നയിച്ച ചോദ്യത്തിനിടെയാണ് മന്ത്രിയുടെ മറുപടി.
നഗരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ് അമൃത് 2.0.