സര്‍ക്കാര്‍ സൗജന്യ ആംബുലന്‍സ് സേവനം നിഷേധിച്ചതിനെ തുടര്‍ന്ന് താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റ ഒന്നര വയസുകാരിക്ക് വിദഗ്ദ്ധ ചികിത്സ വൈകിയത് മണിക്കൂറുകളോളം. 22 പേര്‍ മരിച്ച അപകടത്തില്‍ രക്ഷപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കുഞ്ഞാലകത്ത് മന്‍സൂര്‍നുസ്രത്ത് ദമ്പതികളുടെ മകള്‍ ആയിഷ മെഹറിനാണ്(1.5) മണിക്കൂറുകളോളം ചികിത്സ വൈകിയത്.
താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു സംഭവം. 25 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസവും ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ ആവശ്യമായ കുട്ടിക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് താലൂക്ക് ആശുപത്രി മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം കുട്ടിയെ വിഗഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
കുട്ടികളുടെ ഞരമ്പുരോഗ വിദഗ്ദ്ധന്റെ പരിശോധന അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെയോടെ കുട്ടിയെ കൊണ്ടുപോകുന്നതിന് 108 ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ജില്ല വിട്ട് പോകാനാകില്ലെന്നായിരുന്നു മറുപടി.
ഇതോടെ വിഷയം കെ.പി.എ മജീദിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സംസാരിച്ചു. ഉടനെ തന്നെ 108 ആംബുലന്‍സ് അനുവദിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അല്‍പ്പസമയത്തിനകം തന്നെ അദ്ദേഹവും ആശുപത്രിയിലെത്തി. ആശുപത്രിയില്‍ നിന്നും റിക്വസ്റ്റ് അയക്കുന്നതിന് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വൈകിട്ട് 3.40 ഓടെ കുട്ടിയെ കൊണ്ടുപോകാന്‍ രാവിലെ മുതല്‍ തന്നെ ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ആംബുലന്‍സുകളില്‍ ഒന്നെത്തി. എന്നാല്‍ അതില്‍ എ.സി പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചതോടെ യാത്ര വീണ്ടും മുടങ്ങി. ശേഷം കുട്ടികളുടെ ചികിത്സയ്ക്കായുള്ള രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യ ക്രം (ആര്‍.ബി.എസ്.കെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തന്നെ തയ്യാറാക്കി നല്‍കി. രാവിലെ റഫര്‍ ചെയ്ത കുട്ടിയെ വൈകിട്ട് നാലോടെയാണ് താലൂക്ക് ആശുപത്രിയില്‍ നിന്നും അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്.