കറുപ്പിനോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രിക്ക്; കെ. മുരളീധരന്‍

കറുപ്പിനോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ ചില ശിഷ്യന്മാര്‍ നിറത്തിനെതിരെയും പറഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന തുറന്നുപറച്ചിലില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നലെ ചീഫ് സെക്രട്ടറി ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുത്തവളെന്ന മുദ്രകുത്തലില്‍ മുമ്പും വളരെ അസ്വസ്ഥയായിരുന്നെന്നും അവര്‍ പറഞ്ഞു.

”കറുപ്പിനെ എന്തിനാണ് അധിക്ഷേപിക്കുന്നത്. ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുണ്ട് കറുപ്പിന്. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ‘കറുപ്പ്’ എന്ന വാക്ക് ഉപയോഗിച്ച രീതിയാണ്. ഒരു നിറമായി മാത്രമല്ല, ലജ്ജിക്കേണ്ടതോ നിരാശപ്പെടേണ്ടതോ ആയ ഒന്നായി കറുപ്പ് ലേബല്‍ ചെയ്യപ്പെടുന്നു. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നു കൂടി ജനിപ്പിക്കുമോ എന്ന് നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. മതിയായ നിറമില്ലെന്ന വിശേഷണത്തിലാണ് 50 കൊല്ലമായി ജീവിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി എന്റെ മുന്‍ഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ ഘോഷയാത്രയാണ്’ എന്നാണ് ‘കറുപ്പ് ലജ്ജിക്കേണ്ട നിറമാകുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ വെളിപ്പെടുത്തിയത്.

webdesk18:
whatsapp
line